ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

മദ്ധ്യേഷ്യയില്‍ നിന്ന് ഹിമാലയനിരകളെ ഭേദിച്ച് ആര്യാവര്‍ത്തത്തില്‍ പ്രവേശിച്ച ആര്യന്‍ മാരില്‍ ഒരു വിഭാഗം വിന്ധ്യാ -സത്പൂരാ പര്‍വത നിരകള്‍ കടന്ന് ഡക്കാണില്‍ പ്രവേശിച്ചു. അവരില്‍ ഒരു സംഘം  അഗസ്ത്യമുനിയുടെ നേതൃത്വത്തില്‍ സഹ്യപര്‍വ്വത നിരകള്‍ പിന്നിട്ട് കേരളത്തിലുമെത്തി. തുടര്‍ന്ന് അവരിലൊരുഭാഗം മീനച്ചിലാറിന്‍റെ പടിഞ്ഞാറെക്കരയില്‍ വാസമുറപ്പിച്ചു. അവരില്‍ എട്ടുകുടുംബം പടിഞ്ഞാറെക്കരയിലും ആറു കുടുംബങ്ങള്‍ കിഴക്കേക്കരയിലും താമസമാക്കി. എട്ടു കുടുംബങ്ങള്‍ താമസിച്ച സ്ഥലം എട്ടുമനയൂരും ആറു കുടുംബങ്ങള്‍ താമസിച്ച സ്ഥലം ആറുമനയൂരു മായി. അവ യഥാക്രമം ഏറ്റുമാനൂരും ആറുമാനൂരുമാണ്. മാത്തൂര്‍മന, ചുമാലമന, കിഴക്കഞ്ചേരിയില്ലം,കാരാട്ടില്ലം, മുരിയമംഗലം, ഇളന്തുരുത്തി ഇല്ലം എന്നിവയാണ് മേല്‍പറഞ്ഞ ആറുമനകള്‍. ആറുമാനൂരിനു കിഴക്ക്  അഗസ്ത്യ മുനി തപസ്സിരുന്ന സ്ഥലം  അഗസ്ത്യകുന്നും പിന്നീട് അയര്‍ക്കുന്നവുമായി. ആറുമാനൂരിലെ ആറുമനകളിലൊന്ന്  മാത്തൂര്‍മന ആയിരുന്നു. മാത്തൂര്‍ ഭട്ടതിരി, തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്കു പോലും പ്രിയങ്കരനായി രുന്നു. അദ്ദേഹം സമീപരാജ്യങ്ങളെ വെട്ടിപ്പിടിച്ചപ്പോള്‍ ചൊരിയപ്പെട്ട രക്തച്ചൊരിച്ചിലിനു പരിഹാരം ചെയ്യുവാന്‍ വേണ്ടി ആരംഭിച്ച മുറജപത്തിന് തൃശൂരില്‍ നിന്നും (വാദ്ധ്യാരെ മുഖ്യകാര്‍മികന്‍) കൊണ്ടു വന്നിരുന്നത് മാത്തൂര്‍ ഭട്ടതിരിയായിരുന്നു. മഹാരാജാവിനെ സന്ദര്‍ശിച്ചശേഷം പുറം തിരിഞ്ഞു പോരുവാനുള്ള അവകാശവും അദ്ദേഹത്തിനുണ്ടായിരുന്നു. മഹാരാജാവിന്‍റെ ഉപദേശക സമിതിയില്‍ വോട്ടവകാശമുള്ള അംഗവുമായിരുന്നു അദ്ദേഹം മാത്തൂര്‍ ഭട്ടതിരിയുടെ കുല ക്ഷേത്രം, ഇന്നത്തെ മാര്‍ക്കറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എരമല്ലൂര്‍ ക്ഷേത്രമായിരുന്നു. സമീപത്തുള്ള നെല്‍പ്പാടം എന്നും അറിയപ്പെടുന്നു ഈ നെല്‍പ്പാടം കടന്നു പോകേണ്ടിയിരുന്ന മാത്തൂര്‍ ഭട്ടതിരിക്കും അന്തര്‍ജനങ്ങള്‍ക്കും ചെളിയില്‍ ചവിട്ടാതെ ക്ഷേത്രദര്‍ശനം നടത്തുന്നതിനും ,തീണ്ടലിനെ ഭയന്നും പ്രസ്തുത ക്ഷേത്രം മാത്തൂര്‍ മനയ്ക്കു സമീപത്തേക്കുമാറ്റി. അതാണ് ഇന്നത്തെ അയര്‍ക്കുന്നം ശ്രീ കൃഷ്ണസ്വാമിക്ഷേത്രം . ഈ ക്ഷേത്രത്തിനു പടിഞ്ഞാറുവശം ചതുപ്പു നിലമായിരുന്നു. ആറാട്ടിനു കടവില്ലാതിരുന്നതിനാന്‍ ചതുപ്പു നിലത്തിലെ മണ്ണു നീക്കി കടവുണ്ടാക്കിയാണ് രണ്ടേക്കറിലധികം വിസ്താരമുള്ള ഇന്നത്തെ പൊയ്കത്തോട്. എടുത്തു മാറ്റപ്പെട്ട (മണ്ണ് നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളാണ് ഇന്നറിയപ്പെടുന്ന വേലന്തറ, ചെറിയാന്‍തറ, ചാക്കത്തറ, പൂഴിത്തറ, കുന്നത്തറ തുടങ്ങിയവ) തുടര്‍ന്ന് പല ഭാഗങ്ങളിലും ഇതുപോലുള്ള കുളങ്ങളുടെ ഒരു ശൃംഖലതന്നെ ഉണ്ടായി. അവയെല്ലാംകൂട്ടിച്ചേര്‍ത്ത് മീനച്ചിലാറുമുതല്‍ പൊയ്കത്തോടുവരെ ഒരു ജലമാര്‍ഗം തുറന്നുകിട്ടി. മാത്തൂര്‍ വംശപരമ്പരയില്‍ ഇന്നവശേഷിക്കുന്ന അംഗം എ. ആര്‍. നാരായണഭട്ടതിരിയാണ്. ജന്മിത്വത്തിന്റെയും പാട്ട വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരാണപ്രസിദ്ധവും കാട്ടരുവികളാലും വിസ്തൃതമായ തടാകങ്ങളാലും ചുറ്റപ്പെട്ട പച്ചവിരിച്ച പ്രകൃതിസുന്ദരമായ ഒരു പ്രദേശവും അയര്‍ക്കുന്നം ഗ്രാമത്തിലുണ്ട്. അതാണ് ഒരു കാലത്ത് അഭിമന്യൂര്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ അമയന്നൂര്‍. രണ്ടായിരത്തി മുന്നൂറ് വര്‍ഷംമുമ്പ് ഋഷിതുല്യനായ ഒരു തപോധനന്‍ ദേശാടനത്തിലൂടെ ഈ സ്ഥലത്തെത്തി. ഈശ്വരചൈതന്യം തുളുമ്പി നില്‍ക്കുന്ന ഈ ദേശത്തിന്‍റെ മാഹാത്മ്യത്തിൽ അദ്ദേഹം ആകൃഷ്ടനായി സാക്ഷാത്കരിക്കപ്പെട്ട ശിവചൈതന്യമാണ് ഇന്നത്തെ അമയന്നൂര്‍ ശ്രീമഹാദേവക്ഷേത്രം. അമയന്നൂര്‍ ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ആറാട്ടിനുവേണ്ടിയുള്ള ഒരുകടവുണ്ട്. അതാണ് ആറാട്ടുകടവ്. അതിനു സമീപം ആറാട്ടിന് ആനയെ നിറുത്തിയിരുന്ന സ്ഥലമാണ് ഇന്നത്തെ ഇരട്ടാനമറ്റം. നങ്ങയാര്‍, വെളിച്ചപ്പാട് എന്നീ സ്ഥലനാമങ്ങള്‍ അമയന്നൂര്‍ ക്ഷേത്രവും നമ്പ്യാരും വെളിച്ചപ്പാടുകളും തമ്മിലുള്ള ബന്ധത്തെയും ക്ഷേത്രത്തിന്‍റെ പൗരാണികത്വത്തെയും സൂചിപ്പിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയും തെക്കുകൂര്‍ രാജാവിന്‍റെ പടയും ഏറ്റുമുട്ടിയ ഒരു സ്ഥലം അയര്‍ക്കുന്നത്തിനു സമീപമുള്ളതാണ് ഇന്നത്തെ പടനിലം. ഇതുപോലെതന്നെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് തിരുവഞ്ചൂര്‍. ഇവിടുത്തെ ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിന് 1800 കൊല്ലത്തെ പഴക്കമുണ്ട്. ഉണ്ണുനീലി സന്ദേശത്തില്‍ തിരുവഞ്ചൂരിനെ തിരുവഞ്ചിപ്പുഴ എന്നു പരാമര്‍ശിച്ചിരിക്കുന്നു. സന്ദേശവാഹകനായ ആദിത്യവര്‍മയ്ക്ക് ചങ്ങനാശ്ശേരി - തൃക്കൊടിത്താനം, മണര്‍കാട്, തിരുവഞ്ചൂര്‍, ഏറ്റുമാനൂര്‍വഴി കടുത്തുരുത്തിയ്ക്കുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുന്നു. ഛത്രശ്രണീ വിരചിത നടപ്പന്തലിലൂടെയായിരുന്നു സന്ദേശവാഹകനു പോകേണ്ടിയിരുന്നത്. ഒരു കാലത്ത് ജൈനമതവും   ബുദ്ധമതവും ഇവിടെ പ്രബലമായിരുന്നു. ജൈനമതസന്യാസിമാരായിരുന്ന പിഷാരടിമാര്‍ ഇവിടെ നിന്നും പെരുമ്പാവൂരിന് കിഴക്ക് കല്ലില്‍ ഗുഹാക്ഷേത്രം നിര്‍മ്മിച്ച് അവിടെ താമസമാക്കി. ആണ്ടു തോറും അവര്‍ തിരുവഞ്ചൂര്‍ ക്ഷേത്രത്തില്‍ വഴിപാടിനെത്തുന്ന പതിവുണ്ട്. പരശുരാമാന്‍റെ പാദസ്പര്‍ശത്താൽ പവിത്രീകരിക്കപ്പെട്ട പരശുരാമക്കുന്നാണ് തിരുവഞ്ചൂരിലെ ഇന്നത്തെ പരച്ചിറക്കുന്ന്. മീനച്ചിലാര്‍ ട ആകൃതിയിലൊഴുകുന്ന  ടാപ്പുഴയ്ക്കു സമീപത്തുള്ള ക്ഷേത്രമാണ് ആറുമാനൂരിലെ ടാപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മീനച്ചിലാറിന്‍റെയും പന്നഗംതോടിന്‍റെയും സംഗമസ്ഥാനം എക്കൽ മണ്ണുകൊണ്ട് ഫലപുഷ്ടമായി. പൊന്നു വിളയിക്കുന്ന സ്ഥലമായ പൊന്നിന്‍തുറ പിന്നീട് പുന്നത്തുറയായി. ഇവിടെയുള്ള തിരുവാമ്പാടി ക്ഷേത്രം അതിപുരാതനവും സമ്പന്നവുമായിരുന്നു. അമയന്നൂര്‍, തിരുവഞ്ചൂര്‍, ടാപ്പുഴ, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലുണ്ടായിരുന്ന സ്വര്‍ണക്കൊടിമരം ടിപ്പുവിന്‍റെ ആക്രമണത്തെ ഭയന്ന് യഥാക്രമം അമയന്നൂര്‍ ചിറ, മണിയാര്‍കുളം, ടാപ്പുഴ കയം, മുട്ടാര്‍ എന്നിവിടങ്ങളില്‍ താഴ്ത്തപ്പെട്ടു. നീറിക്കാടു ഭാഗത്തുള്ള അയ്യന്‍കോവിക്കല്‍ ക്ഷേത്രം അമ്പലത്തൊട്ടിയില്‍ ഇല്ലംകാര്‍ കിടങ്ങൂര്‍ ദേവസ്വത്തിലേയ്ക്ക് വിട്ടുകൊടുക്കുകയും അടുത്തകാലത്ത് കരയോഗം ഏറ്റെടുക്കുകയും ചെയ്തു. അയര്‍ക്കുന്നം ഗ്രാമത്തിന്‍റെ  ആദ്ധ്യാത്മികപൈതൃകത്തിന് രണ്ടുമാനങ്ങളാണുള്ളത്. ഹൈന്ദവവും ക്രൈസ്തവവും. ഹൈന്ദവത്തെപ്പറ്റി നാം പരാമര്‍ശിച്ചു കഴിഞ്ഞു. അടുത്ത കാലത്തായി ആദ്ധ്യാത്മിക രംഗത്ത് ക്രൈസ്തവമായ ഒരു വിസ്ഫോടനം തന്നെയുണ്ടായി. അതിനു തുടക്കം കുറിച്ചത് 1925 -ല്‍ വടക്കുഭാഗക്കാര്‍ വെള്ളാപ്പള്ളി നിര്‍മ്മിച്ചു. അതോടൊപ്പംതന്നെ അയര്‍ക്കുന്നം നരിവേലി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയും ഉണ്ടായി. 1898-ല്‍ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയും സെന്‍റ്മേരീസ് ലത്തീന്‍പള്ളിയും സ്ഥാപിതങ്ങളായി. എല്ലാറ്റിനുമുപരിയായി തിലകച്ചാര്‍ത്തെന്ന നിലയില്‍ വിവിധ ജാതി മതസ്ഥരായ ഇവിടുത്തെ ജനസഞ്ചയം തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച സര്‍വസമുദായമൈത്രിക്ക് നേരിയ പോറല്‍പോലും ഏല്‍ക്കുന്നതിന് അവര്‍ അനുവദിച്ചിരുന്നില്ല. ദേശീയപ്രസ്ഥാനത്തിലും അയര്‍ക്കുന്നം ഗ്രാമവാസികള്‍ സജീവമായി പങ്കുകൊണ്ടിരുന്നു. അവരില്‍ പ്രമുഖനാണ് അന്തരിച്ച ശ്രീ. പി. എം. ജോസഫ് പൂവംപുഴയ്ക്കല്‍. അദ്ദേഹം നമ്മുടെ എം. എല്‍. എയും ആയിരുന്നു. 1946-ല്‍ സ്വാതന്ത്ര്യ സമരകാലത്ത് അമയന്നൂര്‍ ചിറയിലും അയര്‍ക്കുന്നം കാട്ടുനിലം മൈതാനത്തും മഹാസമ്മേളനങ്ങള്‍ നടത്തി ദേശീയപ്രസ്ഥാനത്തിനു കൊഴുപ്പേകി. 1959-ല്‍ ഒക്ടോബര്‍ മാസത്തില്‍ വൈദ്യൂതി ഇവിടുത്തെ ജനജീവിതത്തെ പ്രകാശമാനമാക്കി. 1964-ല്‍ ടെലിഫോണ്‍ സൗകര്യവും ലഭിച്ചു. 1953-നു ശേഷം പന്നഗം പാലവും, ചേന്നാട്ടു പാലവും, പട്ടര്‍മഠം പാലവും, മുതലവാലേല്‍ പാലവും നിര്‍മ്മിക്കപ്പെട്ടതോടെ ആറുമാനൂര്‍, പുന്നത്തുറ, നീറിക്കാട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബാഹ്യലോകവുമായുള്ള ബന്ധം സ്ഥാപിച്ചുകിട്ടി. 1959-ലെ ഭൂപരിഷ്കരണ നിയമത്തിന്‍റെ ഫലമായി കുടികിടപ്പുകാരായ വളരെയധികം പേര്‍ ഭൂവുടമകളായിത്തീര്‍ന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയും മെച്ചപ്പെട്ട വേതനവും ലഭിച്ചു. ക്ഷേത്രപ്രവേശന വിളംബരം സാമുദായിക ബന്ധങ്ങളില്‍ കാതലായ മാറ്റം വരുത്തി. ജډിത്വം അവസാനിപ്പിച്ചതിനാല്‍ ഭൂസ്വത്തുവിതരണം ഒരുവിധം സമീകൃതമായി. മാത്തൂര്‍ ഭട്ടതിരിയായിരുന്നു അയര്‍ക്കുന്നത്തെ ഏക ജډി. വഴിതെറ്റിയ ബാലമനസ്സുകളെ നേര്‍വഴിയില്‍ കൊണ്ടുവരുന്നതിനും സാമൂഹ്യജീവിതത്തില്‍ അവരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഉപകരിക്കുന്ന ഒരു കേന്ദ്രം ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. അതത്രെ തിരുവഞ്ചൂരിലെ ജുവനൈല്‍ഹോം. 1966 ഏപ്രില്‍ മാസത്തില്‍ ആറുമാനൂര്‍ ഗൂര്‍ഖണ്ടസാരി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയുടെ ഭരണം ഒരു പുതിയഭരണസമിതി ഏറ്റെടുത്തു. അതുവരെയും ശര്‍ക്കരയുരുട്ടുന്നതിന് അടുത്തുള്ള ഓലിയില്‍ നിന്ന് വെള്ളം മുക്കിയെടുത്തിരുന്നു. പുതിയ ഭരണസമിതി പള്ളം ബ്ലോക്കിന്‍റെ സഹായത്തോടുകൂടി ഓലിയുടെ സ്ഥാനത്ത് ഒരു കിണര്‍കുഴിച്ച് ചുറ്റുമതില്‍ നിര്‍മ്മിച്ച് ഭദ്രമാക്കി. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ അതിരൂക്ഷമായ വരള്‍ച്ചയുണ്ടായപ്പോള്‍ ആ കിണറ്റില്‍ നിന്ന് മോട്ടോര്‍വച്ച് വെള്ളം ടാങ്കര്‍ ലോറികളില്‍ കയറ്റി സമീപപ്രദേശങ്ങളില്‍ ശുദ്ധജലവിതരണം ചെയ്യാന്‍ തുടങ്ങി. ഈ വെള്ളം സമീപപഞ്ചായത്തുകളായ അകലക്കുന്നം, കൂരോപ്പട, വിജയപുരം, പുതുപ്പള്ളി, പാമ്പാടി, മീനടം, ഏറ്റുമാനൂര്‍, നീണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എത്തിച്ചിരുന്നു. ഇപ്പോഴും ഈ രീതി തുടരുന്നു. ലോറിയില്‍ എത്രമാത്രം വെള്ളം നിറച്ചാലും കിണറ്റിലെ വെള്ളത്തിന്‍റെ നിരപ്പ് പെട്ടെന്നുതന്നെ പൂര്‍വ്വസ്ഥിതിയിലെത്തുകയും ചെയ്യുന്നു. ഇതാണ് ഈ കിണറിന്‍റെ പ്രത്യേകത. സാമൂഹ്യക്ഷേമരംഗത്ത് ഇത്രയേറെ പുരോഗതിയുണ്ടായിട്ടും പഞ്ചായത്തിലെ ഉല്പാദന മേഖല മുരടിച്ചു നില്‍ക്കുകയും തൊഴില്‍രഹിതരുടെ എണ്ണം പെരുകുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ഊര്‍ജം, സമ്പന്നമായ ഭൂതകാലപൈതൃകത്തില്‍ നിന്ന് നമുക്കു സമാഹരിക്കാം. അങ്ങനെ പ്രത്യാശിക്കുകയും ചെയ്യാം.